July 27, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

കോന്നിയില്‍ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി വനം- ടൂറിസം – വൈദ്യുതി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും

1 min read

ആനക്കൂട്, അടവി, ഗവി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വനം, ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ കോന്നിയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നടത്താന്‍ പോകുന്ന യോഗത്തിന്റെ മുന്നോടിയായി എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിന് തീരുമാനമായത്.


മന്ത്രിമാര്‍ നേതൃത്വം നല്കി നടത്തുന്ന ഉന്നതതല യോഗത്തില്‍ സമര്‍പ്പിക്കാനുള്ള വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ അടിയന്തിരമായി തയാറാക്കും. പുതിയ പദ്ധതികളും, നിലവിലുള്ളവയുടെ വിപുലീകരണവും മന്ത്രിതല യോഗത്തില്‍ തീരുമാനമാക്കും.അടവി കേന്ദ്രമാക്കി അഭയാരണ്യം പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കും. കൂടാതെ റോപ്പ് വേ, കേബിള്‍ കാര്‍, ഉദ്യാനം തുടങ്ങിയവയും നിര്‍മിക്കും. കോന്നി ഡി.എഫ്.ഒ ഇതിനാവശ്യമായ പദ്ധതി തയാറാക്കും.


അടവിയില്‍ 3 ഡി തിയറ്റര്‍ സ്ഥാപിക്കും. സഞ്ചാരികള്‍ക്ക് കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ താമസിക്കാന്‍ ശീതീകരിച്ച മുറികള്‍ സജ്ജമാക്കും. അടവിയില്‍ നിന്ന് ആലുവാംകുടി കാനനക്ഷേത്രത്തിലേക്ക് വാഹനത്തില്‍ ആളുകളെ എത്തിക്കാന്‍ സംവിധാനമൊരുക്കും. പൂന്തോട്ടം ആകര്‍ഷകമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും. നിലവിലുള്ള ഹട്ടുകള്‍ നവീകരിച്ച് സഞ്ചാരികള്‍ക്ക് തുറന്നു നല്കും.ഗവിയില്‍ താമസ സൗകര്യത്തിന് 1.90 കോടി രൂപയുടെ പ്രവര്‍ത്തി നടക്കുകയാണ്. ഹാബിറ്റാറ്റാണ് നിര്‍മാണം നടത്തുന്നത്. നിര്‍മാണ പുരോഗതി ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും, കെ എഫ് ഡി സി ഉദ്യോഗസ്ഥാരും സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.


കക്കി റിസര്‍വോയറില്‍ ബോട്ടിംഗ് നടത്തുവാന്‍ ഫോറസ്റ്റ് ആനുവല്‍ വര്‍ക്കിംഗ് പ്ലാനില്‍ ഉള്‍പെടുത്താന്‍ ഡിടിപിസി കരട് പദ്ധതി തയാറാക്കി റാന്നി ഡിഎഫ്ഒയ്ക്ക് നല്‍കും. അടവിയിലും ഗവിയിലും കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് ഷോപ്പ് ഓണ്‍ വീല്‍ പദ്ധതി നടപ്പാക്കും. ആനക്കൂട്, അടവി ഇക്കോടൂറിസം, ഗവി എന്നിവയെ പ്രധാന കേന്ദ്രങ്ങളാക്കി ഇനിയും നടത്താന്‍ സാധിക്കുന്ന ടൂറിസം വികസനപ്രവര്‍ത്തനങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.ആനകള്‍ക്ക് കുളിക്കാനുള്ള സ്ഥലം, ഇക്കോഷോപ്പ് പുനരുദ്ധാരണം, പാര്‍ക്കിംഗ് മൈതാനത്തിന്റെ നവീകരണം, മതില്‍ നിര്‍മാണം, കോന്നി ഇക്കോ ടൂറിസം സെന്റര്‍ നവീകരണം, നിള കാന്റീന്‍ നവീകരണം, അടവിയിലെ ടാങ്ക് നിര്‍മാണം, ബാംബൂ ഹട്ടുകള്‍ നവീകരണം, പുതിയവയുടെ നിര്‍മാണം, കുട്ടവഞ്ചികള്‍ സൂക്ഷിക്കാനുള്ള സ്ഥലം, കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മാണം എന്നിങ്ങനെയുള്ള പ്രവര്‍ത്തികളാണ് മാസ്റ്റര്‍പ്ലാനില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.


ആനക്കൂട്ടിലെ പൈതൃക മ്യൂസിയം അനുയോജ്യമായ പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കുന്നതിന് ആര്‍ക്കിയോളജി- മ്യൂസിയം- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തണമെന്ന് എം എല്‍ എ നിര്‍ദേശിച്ചു.അടവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കോന്നിയിലെ ടൂറിസം സ്‌പോട്ടുകള്‍ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ട്രക്കിംഗ് പോലെയുള്ള സംവിധാനങ്ങള്‍ ഒരുക്കും. മാത്രമല്ല, ആലുവാങ്കുടിയുടെയും കൊച്ചുപമ്പയുടേയും ടൂറിസം സാധ്യതകള്‍ പരിശോധിക്കുന്നതിനുള്ള വിദഗ്ധ പഠനം നടത്തും. യോഗത്തില്‍ എംഎല്‍എയോടൊപ്പംതണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ ഖോരി, ടൂറിസം ഡെപ്യുട്ടി ഡയരക്ടര്‍ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. അനുപമ, എസ്.രഘു, കോന്നി ടൂറിസം സൊസൈറ്റി സെക്രട്ടറി ഗോകുല്‍, പ്രസിഡന്റ് ബിനോജ് എസ് നായര്‍, കെ.എഫ്.ഡി.സി – വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.