കെ എസ് ആർ ടി സി ഡ്രൈവർക്ക് മർദ്ദനം : പ്രതികൾ അറസ്റ്റിൽ
സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി, കാർ ബസ്സിന് കുറുക്കിട്ട ശേഷം ഡ്രൈവറെ മർദ്ദിച്ച പ്രതികളെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ ഉച്ചക്ക് ശേഷം 3.30 ന് മല്ലപ്പള്ളി മടുക്കോലി ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോഴാണ് കെ എസ് ആർ ടി സി ഡ്രൈവർക്ക് മർദ്ദനമേറ്റത്. കാർ യാത്രികരായ കോട്ടയം മീനച്ചിൽ പാല മുത്തോലി തോപ്പിൽ വീട്ടിൽ ചാക്കോയുടെ മകൻ ജോയിച്ചൻ ടി സി (47), തോമസ് ടി ചാക്കോ (52) എന്നിവരാണ് പിടിയിലായ പ്രതികൾ. ബസ് ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ യോഹന്നാന്റെ മകൻ ജോൺസൺ ഇ ജെ (53)യ്ക്കാണ് മർദ്ദനമേറ്റത്.
കാർ ബസ്സിന് കുറുക്കുവച്ച് പുറത്തിറങ്ങിയ ഇരുവരും ചേർന്ന് ചീത്ത വിളിച്ചുകൊണ്ട്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , സീറ്റിൽ നിന്നും വലിച്ചിറക്കി മൂക്കിലും നെഞ്ചത്തും വലതുകൈക്കും മർദ്ദിക്കുകയും, വലതുകൈത്തണ്ടയ്ക്കും ചെറുവിരലിനും മുറിവ് ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന്, ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി. ഡ്രൈവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ് ഐ ജയമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
തുടർന്ന്, പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, പ്രതികളെ ബുധനാഴ്ച്ച പാലായിലുള്ള വീടിന് സമീപത്തുള്ള മുത്തോലിയിൽ കാറിൽ യാത്ര ചെയ്തു വരുന്നതായി കണ്ടെത്തി, കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക്ശേഷം, സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ സാക്ഷികളെയും മറ്റും കാണിച്ച് തിരിച്ചറിഞ്ഞ് ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ ബന്തവസ്സിലെടുത്തു.