May 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

മലയാലപ്പുഴയിലെ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി
പൂര്‍ത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്

1 min read

മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണോദ്ഘാടനം മലയാലപ്പുഴ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


റോഡ് നവീകരണം നാടിന്റെ സമഗ്രവികസനത്തിന് ശക്തി കൂട്ടും. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ ചെയ്യുന്നതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. കോന്നി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം/ പൊതുമരാമത്ത് വകുപ്പുകളുടെ പൂര്‍ണ പിന്‍തുണ നല്‍കും. കലഞ്ഞൂര്‍-പാടം റോഡിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 31 ന് അകം പൂര്‍ത്തിയാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് റോഡുകള്‍ പരമാവധി ബിഎം ആന്‍ഡ് ബിസി റോഡുകള്‍ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


മലയാലപ്പുഴയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് 63 കോടി രൂപ അനുവദിച്ചെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. മലയാലപ്പുഴക്കാരുടെ ഏറ്റവും വലിയ പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. മലയാലപ്പുഴയിലെ പ്രധാനപ്പെട്ട റോഡുകള്‍ എല്ലാം ബിഎം ആന്‍ഡ് ബിസി ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതായും എം എല്‍ എ പറഞ്ഞു.
വികസന വിസ്മയമാണ് കോന്നിയില്‍ സംഭവിക്കുന്നതെന്ന് പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ശബരിമലയുടെ ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി റോഡ് കാണുവാന്‍ നേരിട്ടെത്തുന്നതെന്നും എം എല്‍ എ പറഞ്ഞു.


ദീര്‍ഘനാളുകളായി തകര്‍ന്നു കിടന്നിരുന്ന മലയാലപ്പുഴയിലെ പൊതുമരാമത്ത് റോഡുകള്‍ നവീകരിക്കുന്നതിനായി 16 കോടിയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിക്കുന്നത്. കോന്നിയെയും മലയാലപ്പുഴയുടെ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ ശൃംഖലയാണിത്. 10 കിലോമീറ്റര്‍ ദൂരത്തിലാണ് നിലവിലുള്ള മൂന്നു മീറ്റര്‍ റോഡ് അഞ്ചര മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതികവിദ്യയില്‍ ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. ഓട നിര്‍മാണം, സംരക്ഷണഭിത്തി നിര്‍മാണം, ഐറിഷ് ഡ്രയിന്‍ നിര്‍മാണം, പുതിയ കലുങ്കിന്റെ നിര്‍മാണം, പുതിയ കലുങ്കുകള്‍ മെച്ചപ്പെടുത്തല്‍, കോമ്പൗണ്ട് ഭിത്തി നിര്‍മാണം, ട്രാഫിക് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.


കാസര്‍ഗോഡ് ആസ്ഥാനമായുള്ള സിഎച്ച് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിലാണ് നിര്‍മാണചുമതല. റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതോടെ മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് അടക്കമുള്ള യാത്രാസൗകര്യം സുഗമമാവും. പതിനൊന്നു മാസമാണ് പ്രവര്‍ത്തി പൂര്‍ത്തീകരണ കാലാവധി.


അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍, വൈസ് പ്രസിഡന്റ് കെ. ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, സംഘാടക സമിതി കണ്‍വീനര്‍ മലയാലപ്പുഴ മോഹനന്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.